Vedantha team - panja
Vedantha team - panja

Vedantha team - panja

1 Members

അനുകമ്പാദശകം

1 ഒരു പീഡയെറുമ്പിനും വരു-

ത്തരുതെന്നുള്ളനുകമ്പയും സദാ

കരുണാകര! നല്കുകുള്ളില്‍ നിന്‍

തിരുമെയ് വിട്ടകലാത ചിന്തയും.



2 അരുളാല്‍ വരുമിമ്പമന്‍പക-

ന്നൊരു നെഞ്ചാല്‍ വരുമല്ലലൊക്കെയും

ഇരുളന്‍പിനെ മാറ്റുമല്ലലിന്‍-

കരുവാകും കുരുവാമിതേതിനും.



3 അരുളന്‍പനുകമ്പ മൂന്നിനും

പൊരുളൊന്നാണിതു ജീവതാരകം

"അരുളുള്ളവനാണു ജീവി"യെ-

ന്നുരുവിട്ടീടുകയീ നവാക്ഷരി.



4 അരുളില്ലയതെങ്കിലസ്ഥിതോല്‍

സിര നാറുന്നൊരുടമ്പു താനവന്‍;

മരുവില്‍ പ്രവഹിക്കുമംബുവ-

പ്പുരുഷന്‍ നിഷ്ഫലഗന്ധപുഷ്പമാം.

5 വരുമാറുവിധം വികാരവും

വരുമാറില്ലറിവിന്നിതിന്നു നേര്‍;

ഉരുവാമുടല്‍ വിട്ടു കീര്‍ത്തിയാ-

മുരുവാര്‍ന്നിങ്ങനുകമ്പ നിന്നിടും.

6 പരമാര്‍ത്ഥമുരച്ചു തേര്‍വിടും

പൊരുളോ, ഭൂതദയാക്ഷമാബ്ധിയോ?

സരളാദ്വയഭാഷ്യകാരനാം-

ഗുരുവോയീയനുകമ്പയാണ്ടവന്‍?



7 പുരുഷാകൃതി പൂണ്ട ദൈവമോ?

നരദിവ്യാകൃതി പൂണ്ട ധര്‍മ്മമോ?

പരമേശപവിത്രപുത്രനോ?

കരുണാവാന്‍ നബി മുത്തുരത്നമോ?



8 ജ്വര മാറ്റി വിഭൂതികൊണ്ടു മു-

ന്നരിതാം വേലകള്‍ ചെയ്ത മൂര്‍ത്തിയോ?

അരുതാതെ വലഞ്ഞു പാടിയൗ-

ദരമാം നോവു കെടുത്ത സിദ്ധനോ?



9 ഹരനന്നെഴുതി പ്രസിദ്ധമാം-

മറയൊന്നോതിയ മാമുനീന്ദ്രനോ?

മരിയാതുടലോടു പോയൊര-

പ്പരമേശന്‍റെ പരാര്‍ത്ഥ്യഭക്തനോ?



10 നരരൂപമെടുത്തു ഭൂമിയില്‍

പെരുമാറീടിന കാമധേനുവോ?

പരമാദ്ഭുതദാനദേവതാ-

തരുവോയീയനുകമ്പയാണ്ടവന്‍?



ഫലശ്രുതിഃ



അരുമാമറയോതുമര്‍ത്ഥവും

ഗുരുവോതുംമുനിയോതുമര്‍ത്ഥവും

ഒരുജാതിയിലുള്ളതൊന്നുതാന്‍

പൊരുളോര്‍ത്താലഖിലാഗമത്തിനും.